District News
കണ്ണൂർ: ശക്തമായ മഴയിൽ വശക്തമായ മഴയിൽ വനമേഖലയിൽ ഉരുൾപൊട്ടലുൾപ്പെടെയുണ്ടായതിനെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ ആകെ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി.
ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന് തോടിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.
ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാന്പുകൾ ഇരിട്ടി താലൂക്കി ലാണ്. ഇരിട്ടിയിൽ നാലു ക്യാന്പു കളും തളിപ്പറമ്പ് താലൂക്കിൽ നാലുംം പയ്യന്നൂർ താലൂക്കിൽ മൂന്ന് ക്യാന്പുകളും ആരംഭിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകളിൽ 162 പേരാണുള്ളത്. തളിപ്പറന്പിലെ ക്യാന്പുകളിൽ 243 പേരും പയ്യന്നൂരിൽ 166 പേരുമാ ണുള്ളത്. വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അങ്കണവാടി, ആറളം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. തളിപ്പറമ്പ് താലൂക്കിൽ എരുവേശി വില്ലേജിലെ രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ, വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപിഎസ്, പയ്യാവൂർ വില്ലേജിൽ ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.
ഏരുവേശി വില്ലേജിലെ മാന്ധംകുണ്ട് പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലാണ് മുൻകരുതലായി ആറ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.ചീത്തംപാറ ഉന്നതി നിവാസികളായ 140 പേരാണ് ചന്ദനക്കാംപാറ ക്യാമ്പിലുള്ളത്. ഇരിട്ടി താലൂക്ക് വയത്തൂര് വില്ലേജിലെ ഉളിക്കല്‍, പേരട്ട, തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ നൂറുല്‍ ഹുദ മദ്രസ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. ഒന്‍പത് പുരുഷന്മാരും എട്ട് സ്ത്രീകളും ഒന്‍പതു കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്. ഇതേ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിത്തട്ട് സെന്റ് ജോണ്‍സ് എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് 11 പുരുഷന്മാരും 10 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 26 പേരെ മാറ്റിത്താമസിപ്പിച്ചു. ഇന്നലെ മൂന്ന് തവണ ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയർമാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.കൾ വിലയിരുത്തി.
പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം വില്ലേജില്‍ പല ഭാഗങ്ങളിലും വെള്ളം കയറി. കര്‍ണാടക വനാന്തര്‍ഭാഗത്ത് ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണിത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിച്ചാല്‍ ഇടക്കോളനിയിലെ തുരുത്തില് താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാനം വയല്‍ കോളനിയില്‍ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന രണ്ടു കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പുളിങ്ങോം വില്ലേജിലെ ഇടവരമ്പയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യാവൂര്‍ പഞ്ചായത്തിലെ മാവുന്തോട് ആനയടിപ്പാലം തകര്‍ന്നു. ചന്ദനക്കാംപാറ - ഏറ്റുപാറ റോഡിലാണ് ഈ പാലം. ഒഴുകിവന്ന മരത്തടി പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് പാലം തകര്‍ന്നത്. പയ്യന്നൂര്‍ താലൂക്കിലെ മാടായി വേങ്ങര കക്കാടപ്പുറത്ത് കൊടക്ക ബാലകൃഷ്ണന്, ഭാര്യ ജാനകി എന്നിവരുടെ മണ്‍കട്ട വീട് തകര്‍ന്നുവീണു. അപകട സമയത്ത് ഇരുവരും മകന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തലശേരി താലൂക്കിലെ തിരുവങ്ങാട് വില്ലേജ് വയലളം ദേശത്ത് ഊരാന്‍കോട്ട് ഹെവന്‍ വീട്ടില്‍ സനീഷ് എന്നയാളുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ആളപായമില്ല.
തളിപ്പറമ്പ് താലൂക്കിലെ മണിക്കടവ് ടൗണില്‍ കടകളില്‍ വെള്ളം കയറി. പാനൂര്‍ അണിയാരം ശിവക്ഷേത്രം വളപ്പിലെ കിഴക്ക് ഭാഗം മതില് കനത്ത മഴയില്‍ തകര്‍ന്നു. പാണപ്പുഴ വില്ലേജ് ഏര്യം കുപ്പേരിയില്‍ സല്മാന് ഫാരിസ് എന്നയാളുടെ വീടിന് സമീപം മണ്ണിടിഞ്ഞു വീണു. ആളപായമില്ല.
ആലക്കോട്, ഉദയഗിരി മേഖലകളിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
ആലക്കോട്: ശക്തമായ മഴയും കുടക് മലകളിലെ ഉരുൾപൊട്ടലും കാരണം രയറോം പുഴ കരകവിഞ്ഞൊഴുകി ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ജയഗിരിയിൽ തയ്യിൽ ഷിബുവിന്റെ വീടിന്റെ സമീപത്ത് രണ്ടിടത്ത് ചെറിയ തോതിൽ ഉരുൾപൊട്ടി. വീടിനോടു ചേർന്ന സ്ഥലവും കുളിമുറിയും ഒലിച്ചുപോയി. ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറ, മൂന്നാംതോട്, മാമ്പൊയിൽ കാരിക്കയം, ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, പൈതൽമല പ്രദേശം, രയറോം പരപ്പ പ്രദേശവും ഒറ്റപ്പെട്ടു. രയറോം-പരപ്പ-കാർത്തികപുരം പിഡബ്ല്യുഡി റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു. രയറോം ടൗണിന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ഫർലോംഗ്കരയിൽ ഉരുൾപൊട്ടൽ സാധ്യതകളുള്ളതിനാൽ ഉന്നതിയിലെ 80 കുടംബങ്ങളെ കാപ്പിമല യുപി സ്കൂളിലെ ക്യാന്പിലേക്ക് മാറ്റി. ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറ, അരിവളഞ്ഞപൊയിൽ, പ്രദേശങ്ങളിൽ ശക്തമായ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി. മണക്കടവ്-കാരിക്കയം പാലത്തിലും മൂക്കട പാലവും വെള്ളത്തിനിടയിലായി. ആലക്കോട്, കരുവഞ്ചാൽ പുഴകളും കരകവിഞ്ഞ് ഒഴുകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് മാറി. ഉദയഗിരി താളിപ്പാറ മെക്കാഡം റോഡിൽ മൂന്നാംതോട്ടിൽ ശക്തമായ മലവെള്ളപാച്ചിലിൽ റോഡിന് സമീപത്തെ തയ്യൽകട പൂർണമായി തകർന്നു. സമീപത്തെ വീടുകളിലും പറമ്പുകളിലും വെള്ളം കയറി.
വണ്ണായിക്കടവ് പാലം കരകവിഞ്ഞു
പയ്യാവൂർ: കനത്തമഴയും കർണാടക ഉൾവനത്തിലെ ഉരുൾപൊട്ടലും കാരണം മലയോരത്ത് പുഴകളിൽ ജലനിരപ്പ് ഉയർന്നു. പയ്യാവൂർ വണ്ണായിക്കടവ് പാലം കരകവിഞ്ഞു. ഗ്രാമപഞ്ചായത്തും പോലീസും നിർദേശിച്ചതിനെ തുടർന്ന് റോഡ് ഗതാഗതം നാട്ടുകാർ തടഞ്ഞു. കൂറ്റൻ മരങ്ങൾ ഒഴുകിവന്ന് പാലത്തിൻ ഇടിച്ചതിനെ തുടർന്ന് കൈവരികൾ തകർന്നു. പുതിയ പാലത്തിനായി മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറഞ്ഞു. പയ്യാവൂർ ആടാംപാറയിലും ചന്ദനക്കാംപാറയിലും വഞ്ചിയത്തും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. പയ്യാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏതാനും ചെറുപാലങ്ങളും കരകവിഞ്ഞിട്ടുണ്ട്.
കാരിക്കയം പാലം മുങ്ങി മാമ്പൊയിൽ ഒറ്റപ്പെട്ടു
മണക്കടവ്: കാരിക്കയം പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് മാമ്പൊയിൽ മേഖല ഒറ്റപ്പെട്ടു. വാഹനഗതാഗതം തടസപ്പെട്ടു. കർണ്ണാടക വനത്തിൽ അതിശക്തമായ മഴ തുടരുകയാണ്. ചീക്കാട്, മണക്കടവ്, മുക്കട പുഴകളും കരകവിഞ്ഞൊഴുകി. മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ജീവനക്കാർ ക്ഷേത്രത്തിൽ കുടുങ്ങി.
യാത്രക്കാരുമായി ബസ് വെള്ളക്കെട്ടിൽ കുടുങ്ങി
ശ്രീകണ്ഠപുരം: തുന്പേനിയിൽ നിറയെ യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പയ്യാവൂർ ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് വെള്ളം നിറഞ്ഞ റോഡിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ പലയിടത്തും വെള്ളം ഉയർന്നു. ശ്രീകണ്ഠപുരം ചെങ്ങളായിൽ താഴ്ന്നഭാഗങ്ങൾ വെള്ളത്തിലായി. ശ്രീകണ്ഠപുരം മാർക്കറ്റിലെ കടകളിലെ സാധനങ്ങൾ വ്യാപാരികൾ മാറ്റി. പൊടിക്കളം-വെണ്ണക്കുന്ന് റോഡിലും പൊടിക്കളം-മടമ്പം റോഡിലും വെള്ളം കയറി. അലക്സ് നഗർ, കൈതപ്രം, മടമ്പം, കാഞ്ഞിലേരി, ബാലങ്കരി ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.
കുത്തൊഴുക്കിൽ പാലം തകർന്നു
ചന്ദനക്കാംപാറ: മലവെള്ളപാച്ചിലിൽ ഏറ്റുപാറ റോഡിലെ മാവും തോട് പാലം തകർന്നു. ശക്തമായ ഒഴുക്കിൽ പാലത്തിന്റെ തുണുകൾ ചെരിഞ്ഞ് പാലം വീഴുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സജീവ് ജോസഫ് എംഎൽഎ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. ഏറ്റുപാറ ആനയടി പ്രദേശത്ത് ചെറിയ തോതിൽ ഉരുൾ പൊട്ടി. സംഭവസ്ഥലം അഡ്വ. സജീവ് ജോസഫ് എം.എൽ.എ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
ചപ്പാരപ്പടവ് ടൗണിൽ വെള്ളം കയറി
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പുഴ കരകവിഞ്ഞതിനെ തുടർന്ന് ചപ്പാരപ്പടവ് ഉൾപ്പടെയുള്ള സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. നിരവിധ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. കരുവഞ്ചാല്‍ കോട്ടക്കടവ് പാലം പൂർണമായും വെള്ളത്തിനടിയിലായി.ആലക്കോട്- റയരോം- പരപ്പ റോഡില്‍ വെള്ളം കയറി വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറയിലും അരിവിളഞ്ഞപൊയിലിലും മണ്ണിടിച്ചല്‍ ഉണ്ടായ ഗതാഗതം തടസപ്പെട്ടു. മണക്കടവ് തുരുത്തിലെ മഹാവിഷ്ണു ക്ഷേത്രത്തിന് ചുറ്റും വെള്ളം കയറി അമ്പലത്തില്‍ കുടുങ്ങി പോയ പുജാരിയെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
District News
മലപ്പുറം: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. സുരക്ഷ മുൻനിർത്തി 13 കുടുംബങ്ങളെ വിവിധ ക്യാന്പുകളിലേക്ക് മാറ്റി.
മഞ്ചേരി വില്ലേജിൽ വലിയട്ടിപറന്പ് അങ്കണവാടിയിലും എടവണ്ണ ചെറുമണ്ണ് അങ്കണവാടിയിലും പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസയിലും നെടിയിരുപ്പ് ജിഡബ്ല്യുപിഎസ് സ്കൂളിലും ആണ് ക്യാന്പുകൾ ആരംഭിച്ചത്. 24 പുരുഷൻമാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിർന്നവരുമുൾപ്പെടെ 70 പേരെയാണ് ക്യാന്പിലേക്ക് മാറ്റിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറി താമസിക്കണം. അധികൃതർ ക്യാന്പുകളിലേക്ക് മാറാൻ ആവശ്യപ്പെടുന്പോൾ ഉടൻ ക്യാന്പുകളിലേക്ക് മാറേണ്ടതാണ്.
പുഴകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മീൻ പിടിക്കുന്നനതിനോ കുളിക്കുന്നതിനോ തോട്, പുഴ, മറ്റു ജലാശയങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. ക്യാന്പുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി.
ആശങ്കയില്‍
മലയോരം
കരുവാരകുണ്ട്: മലയോര മേഖലയില്‍ മഴ കനത്തോടെ ആശങ്ക. ഇടമുറിയാത്ത മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം മലയോര ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്.മണ്ണും ചെളിയും ഒലിപ്പുഴയില്‍ വന്നടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതിനാല്‍ പുഴയോരവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണല്‍വാരലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഒലിപ്പുഴയില്‍ മണല്തിട്ടകളുണ്ടായത്. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ പുഴയോരങ്ങളിലും മലമടക്കുകളിലും വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Kerala
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.
വെള്ളിയാഴ്ച ജില്ലയിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
District News
മറ്റത്തൂര്‍: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റത്തൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡിലുള്ള അഞ്ചു കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇത്തുപ്പാടത്ത് മലയോടുചേര്ന്നുള്ള പ്രദേശത്ത് താമസിക്കുന്ന അഞ്ചു കുടുംബങ്ങളെയാണ് ഞായറാഴ്ച മറ്റത്തൂര്‍ ജിഎല്‍പി സ്കൂളില്‍ തുറന്ന ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയത്. അഞ്ചു കുടുംബങ്ങളില്‍നിന്നായി 15 പേരാണ് മറ്റത്തൂര്‍ ജിഎല്‍പി സ്കൂളിലെ ക്യാമ്പിലുള്ളത്.
മറ്റ് അഞ്ചുവീട്ടുകാര് ബന്ധുവീടുകളിലേക്ക് താമസംമാറ്റി. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പടയെുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്നലെ മറ്റത്തൂര്‍ ആരോഗ്യകേന്ദ്രത്തില്നിന്നുള്ള മെഡിക്കല്‍ സംഘം ക്യാമ്പിലെത്തി മുഴുവന്‍പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. ആശ പ്രവര്‍ത്തകരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ക്യാമ്പ് സന്ദര്‍ശിച്ചു.
കാവനാടുള്ള നാലുകുടുംബങ്ങളില്നിന്നായി 14 പേരെ സുരക്ഷ മുന്‍നിര്‍ത്തി കാവനാട് ഗ്രാമമന്ദിരത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
District News
ജൂൺ 26, 2025-ന് കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതിനെത്തുടർന്ന് ജില്ലാ ഭരണകൂടം വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലാണ് കൂടുതൽ മഴ ലഭിച്ചത്.
കടലുണ്ടിപ്പുഴ, ചാലിയാർ, കുറ്റ്യാടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വിനോദയാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചുചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.